തൃശൂര്‍: തൃശൂര്‍ പൂരം ആഘോഷങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്ന നിലപാടിലുറച്ച് പാറമേക്കാവ് ദേവസ്വം. പൂരത്തിന് പിന്നില്‍ ഒരു വര്‍ഷത്തെ നീണ്ട കഠിനാധ്വാനമുണ്ടെന്നും അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, സാമ്പിള്‍ വെടിക്കെട്ട് ഉപേക്ഷിക്കാമെന്നും എന്നാല്‍ പ്രധാന വെടിക്കെട്ടും പകല്‍ പൂരത്തിന് ശേഷമുള്ള വെടിക്കെട്ടും നടത്തണമെന്നുമാണ് ദേവസ്വത്തിന്റെ നിലപാട്. ജനം ആരുടെ ഒപ്പമാണെന്ന് പൂരം നടക്കുമ്പോള്‍ അറിയാം. സമൂഹത്തിന് എതിരഭിപ്രായം ഉണ്ടാകില്ലെന്ന് രാജേഷ് പറഞ്ഞു. പൂരം നടത്തിപ്പുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പറമേക്കാവ് ദേവസ്വം ഇന്ന് ചേരുന്ന യോഗത്തില്‍ നിലപാട് അറിയിക്കുമെന്ന് അദേഹം അറിയിച്ചു.
കൂടാതെ, പാറമേക്കാവിന്റെ പടക്കനിര്‍മാണശാല സീല്‍ ചെയ്ത നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് രാജേഷ് ഉന്നയിച്ചത്. അനുവദനീയമായതിലും കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി എന്നാരോപിച്ച് കേസെടുത്തത് തെറ്റായ നടപടിയാണെന്ന് രാജേഷ് പറഞ്ഞു. 6000 കിലോ വരെ നിര്‍മിക്കാനുള്ള അനുമതി ലൈസന്‍സിക്ക് ഉണ്ടെന്നും, നിയമപരമായ നിര്‍ദേശങ്ങള്‍ പാലിച്ചാണ് എല്ലാം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇതേ കീഴ്വഴക്കമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments
No comments yet. Be the first to comment!
Leave a Comment