തൃശൂര്‍ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവില്‍ അപകടസാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിതീരുകയോ നിര്‍വീര്യമാക്കുകയോ ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം ഇന്ന് വൈകുന്നേരത്തോടെ വ്യക്തമായേക്കുമെന്ന് ഡിജിപി കൂട്ടിച്ചേര്‍ത്തു.
തിരച്ചില്‍ നടപടികള്‍ ഇന്നും നാളെയും തുടരുമെന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്‌ഫോടന സമയത്ത് സ്ഥലത്ത് ഏകദേശം 34 പേര്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണക്ക്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും ഡിജിപി പറഞ്ഞു. ഡിഎന്‍എ പരിശോധന വേഗത്തിലാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ മരിച്ചവരില്‍ ഏഴ് പേരെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പതിമൂന്ന് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്; ഇവര്‍ വെന്റിലേറ്ററിലാണ്.
ഡിഎന്‍എ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോടെക്‌നോളജി സ്ഥാപനത്തിലെ ഏഴംഗ വിദഗ്ധസംഘം തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment