Saturday, July 18, 2026
Kerala News

വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്‌നമല്ലെന്ന് മന്ത്രി കെ രാജന്‍

 വയനാട് ടൗണ്‍ഷിപ്പ് വിവാദം; വീടുകളിലെ വിള്ളല്‍ താപനില കാരണം; സ്ട്രക്ചറല്‍ പ്രശ്‌നമല്ലെന്ന് മന്ത്രി കെ രാജന്‍


വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ട വിള്ളലുകള്‍ സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍ മൂലമല്ല, താപനില വ്യത്യാസത്തെ തുടര്‍ന്നുണ്ടായതാണെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. വീടുകളുടെ സുരക്ഷയും ഉറപ്പും നേരിട്ട് പരിശോധിക്കാനാണ് അദ്ദേഹം വയനാട്ടിലെത്തിയത്.

വാട്ടര്‍ പോണ്ടിംഗ് ടെസ്റ്റ് നടത്തി ലീക്കുകള്‍ പരിശോധിച്ചതായും, അതിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍പ്രൂഫിംഗ് നടപടികള്‍ എടുത്തതായും മന്ത്രി പറഞ്ഞു. തുടര്‍ന്ന് കോണ്‍ക്രീറ്റ് പുനരുദ്ധാരണം നടത്തിയിട്ടും രണ്ട് ഇടങ്ങളില്‍ വീണ്ടും ലീക്ക് കണ്ടെത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും, അത് മഴയില്‍ നിന്നുള്ള ചോര്‍ച്ചയല്ലെന്നും, ടെസ്റ്റിന്റെ ഭാഗമായുണ്ടായതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഭ്യമായ വിവരങ്ങള്‍ മാത്രം ആശ്രയിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയല്ലെന്നും, വസ്തുതകള്‍ മനസ്സിലാക്കി മാത്രമേ റിപ്പോര്‍ട്ടുകള്‍ നല്‍കാവൂ എന്നും മന്ത്രി വിമര്‍ശിച്ചു.

വീടുകളുടെ ഉറപ്പു പരിശോധിക്കാന്‍ മേശപ്പുറത്ത് കയറിയതിനെ വിമര്‍ശിച്ചവര്‍ക്കു മറുപടിയായി, സ്വന്തം വീട്ടാണെങ്കിലും അതുപോലെ തന്നെ പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചൂരല്‍മലയിലെ ജനങ്ങളോട് താന്‍ ഒരു മന്ത്രി മാത്രമല്ല, അവരുടെ ഒരാളാണെന്നും, തുടക്കം മുതല്‍ അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയതായും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment