Saturday, July 18, 2026
Kerala News

വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്‌കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍

വാല്‍പ്പാറ ദുരന്തം: ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്‌കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തല്‍



വാല്‍പ്പാറയില്‍ ഒമ്പത് പേരുടെ ജീവന്‍ കവര്‍ന്ന വാഹനാപകടത്തില്‍ നിര്‍ണായക കണ്ടെത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടസമയത്ത് ടെമ്പോ ട്രാവലര്‍ ഡ്രൈവറല്ല, സ്‌കൂള്‍ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്‌കേരള മോട്ടോര്‍ വാഹന വകുപ്പുകള്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അപകടത്തില്‍പ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടെ പാറക്കെട്ടില്‍ ഇടിച്ചുതെറിച്ചതാണ് അപകടത്തിന്റെ  ആക്കം വര്‍ധിപ്പിച്ചതെന്ന് കണ്ടെത്തി. വാഹനത്തില്‍ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് റിപ്പോര്‍ട്ട്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച സാജിതയുടെ മകന്‍ ഷഹദിന്‍, വാന്‍ ഡ്രൈവര്‍ മുഹമ്മദ് ഫായിസ്, പാങ്ങ് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒമ്പത് പേര്‍ മരണപ്പെട്ടു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചവരില്‍ ഉള്‍പ്പെടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment