Saturday, July 18, 2026
India News

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി:  വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.  2026 ഏപ്രില്‍ 16 മുതല്‍ നിയമം നിലവില്‍ വന്നതായാണ് ഔദ്യോഗിക അറിയിപ്പ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യുന്ന ഈ നിയമത്തിന് 2023-ല്‍ തന്നെ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നുവെങ്കിലും, അത് എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനായിരുന്നു.

വനിതാ സംവരണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിനായുള്ള ബില്‍ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ പെട്ടെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര നടപടിയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഈ നീക്കം വിചിത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും (Delimitation) ശേഷം മാത്രമേ സംവരണം നടപ്പിലാക്കാന്‍ സാധിക്കൂ എന്ന് 2023-ലെ നിയമത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ച് നിയമം ധൃതിപിടിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്.

ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഈ വിജ്ഞാപനം വന്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്. അടുത്ത സെന്‍സസ് പൂര്‍ത്തിയാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം കഴിഞ്ഞാല്‍ മാത്രമേ സംവരണം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയൂ എന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ ഇതിനായുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ വേഗത കൂട്ടിയിരിക്കുകയാണ്.



Related News

Comments

No comments yet. Be the first to comment!

Leave a Comment