Saturday, July 18, 2026
Kerala News

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം;  കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന രണ്ടുകോടിയോളം രൂപയുടെ പൗരാണിക ആഭരണ മോഷണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കൊട്ടാരത്തിനുള്ളില്‍ നിന്നുള്ളവരുടെ സഹായം മോഷണത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കണ്ടോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കൊട്ടാരത്തിലെ സുരക്ഷാ ക്രമീകരണങ്ങളും സിസിടിവി സംവിധാനങ്ങളും മറികടന്ന് രണ്ടാം നിലയിലെ കിടപ്പുമുറിയിലുള്ള അലമാരയില്‍ നിന്ന് ലോക്കര്‍ തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച രീതിയാണ് പോലീസിനെ ഈ നിഗമനത്തിലേക്ക് നയിച്ചത്. കൊട്ടാരത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കൂ എന്ന് പോലീസ് കരുതുന്നു. ഇതിന്റെ ഭാഗമായി കൊട്ടാരത്തിലെ 40-ഓളം ജീവനക്കാരുടെയും, സ്ഥിരം സന്ദര്‍ശകരുടെയും, അടുത്തിടെ കൊട്ടാരത്തില്‍ എത്തിയ യൂട്യൂബര്‍മാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായിയുടെ അലമാരയില്‍ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വര്‍ണ്ണശേഖരവും നഷ്ടപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് അവര്‍ പോലീസിന് മൊഴി നല്‍കി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ സമ്മാനിച്ച പൗരാണിക ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മോഷണത്തിന് പിന്നാലെ കൊട്ടാരത്തിലെ അവശേഷിക്കുന്ന ആഭരണങ്ങള്‍ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment