Saturday, July 18, 2026
Kerala News

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്;     മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ബംഗളൂരു: ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ശരീരത്തിലുടനീളം പരിക്കുകളുണ്ടെന്നും പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും ഇത് ഉയരത്തില്‍ നിന്നുള്ള വീഴ്ചമൂലം സംഭവിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. വസ്ത്രങ്ങള്‍ കീറിയത് കൊക്കയിലേക്ക് വീഴുമ്പോള്‍ മരച്ചില്ലകളില്‍ തട്ടിയതാകാമെന്നാണ് നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ നടക്കും.

ചൊവ്വാഴ്ച വൈകിട്ട് മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തെ വ്യൂ പോയിന്റില്‍ നിന്നാണ് ശ്രീനന്ദയെ കാണാതായത്. മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ 1500 അടി താഴ്ചയില്‍ ഹര്‍ഷന ഗുപ്പ എന്ന സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേശ് ഗോപാലന്‍-രോഹിണി ദമ്പതികളുടെ മകളാണ് 15 വയസ്സുകാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് ശ്രീനന്ദ കര്‍ണാടകയില്‍ വിനോദസഞ്ചാരത്തിന് എത്തിയത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment