Saturday, July 18, 2026
Kerala News

കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിക്കും: രമേശ് ചെന്നിത്തല

 കേരളത്തില്‍ യുഡിഎഫിന് ചരിത്രവിജയം ലഭിക്കും: രമേശ് ചെന്നിത്തല


കേരളത്തില്‍ യുഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണമാറ്റത്തിനായി ജനങ്ങള്‍ അത്യുത്സാഹത്തോടെ വോട്ട് ചെയ്തുവെന്നും, നൂറിലധികം സീറ്റുകള്‍ നേടുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിന്റെ കണക്കുകള്‍ പരിശോധിച്ചുവരികയാണെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ആരാവണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും, ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അര്‍ഹതയുണ്ടെന്നാണ് അവര്‍ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന് നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായ പ്രചാരണം നടത്തിയതായും പറഞ്ഞു. യുഡിഎഫ് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വിജയത്തിന്റെ ശക്തിയെന്നും, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യം പ്രചാരണത്തിന് കരുത്തായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ ഗുഡ്ബൈ പറയുമെന്നും ചെന്നിത്തല ആരോപിച്ചു. പല സ്ഥലങ്ങളിലും സിപിഐഎം-ബിജെപി അന്തര്‍ധാര ഉണ്ടായിരുന്നുവെന്നും, അതിനെ മറികടന്ന് യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ആക്രമണത്തെ ശക്തമായി അപലപിച്ച ചെന്നിത്തല, സിപിഐഎം അക്രമസ്വഭാവം ഉപേക്ഷിച്ചിട്ടില്ലെന്നും വിമര്‍ശിച്ചു. കുഞ്ഞികൃഷ്ണന്റെ പേരെഴുതിയ മതില്‍ പോലും തകര്‍ത്തതായി ആരോപിച്ച അദ്ദേഹം, സിപിഐഎമ്മിന് പരാജയഭീതിയാണെന്നും പറഞ്ഞു.

സംസ്ഥാനത്ത് പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും, ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ എസ്.ഐ.ആര്‍ ഒരു ഘടകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment