Saturday, July 18, 2026
Kerala News

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ ധനനയം

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ ആര്‍ബിഐ ധനനയം



ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതാപൂര്‍വമായ സമീപനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയം പ്രഖ്യാപിച്ചു. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് ഇത്തവണയും തീരുമാനമെടുത്തത്. ഇതോടെ നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്കില്‍ കുറവ് പ്രതീക്ഷിക്കാനില്ല.

ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റ സാധ്യത മുന്‍കൂട്ടി കണ്ടാണ് ഈ തീരുമാനം. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഗണിച്ച് ദീര്‍ഘകാല വീക്ഷണത്തോടെയാണ് നയപ്രഖ്യാപനം നടന്നത്.

ഭൗമ-രാഷ്ട്രീയ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശക്തമാണെന്നാണ് ധനനയ കമ്മിറ്റിയുടെ വിലയിരുത്തല്‍. അടിസ്ഥാന നിരക്കുകള്‍ മാറ്റാതിരിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരുന്നതിനാല്‍ ഭവന-വാഹന വായ്പകളുടെ പലിശയില്‍ കുറവ് ഉണ്ടാകില്ല. അതേസമയം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും മാറ്റമുണ്ടാകില്ല.

എല്‍ നിനോയുടെ പ്രഭാവം വരള്‍ച്ചക്കും കാര്‍ഷികോത്പാദനക്കുറവിനും ഇടയാക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ധന പ്രതിസന്ധി വരും പാദങ്ങളില്‍ വിലക്കയറ്റം ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത വര്‍ഷത്തേക്കുള്ള ചില്ലറ വിലക്കയറ്റ നിരക്ക് 4.6 ശതമാനമായി നിശ്ചയിച്ചു.

2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ നിരക്ക് 6.9 ശതമാനമായി പുനര്‍നിര്‍ണയിച്ചു. രാജ്യത്തെ ബാങ്കിംഗ് മേഖല ശക്തമാണെന്നും വിദേശനാണ്യ വിപണിയിലെ സാഹചര്യം സ്ഥിരതയില്ലാത്തതായിരിക്കാമെന്നും ധനനയ കമ്മിറ്റിയും വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment