വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 17-ന് ഈസ്റ്റ് അട്ടപ്പള്ളത്തുവെച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് വിനോദ്. യുവാവിനെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ നേതൃത്വത്തില്‍ വിചാരണ ചെയ്യുകയും മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. മര്‍ദ്ദനമേറ്റ് അവശനായ രാംനാരായണനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അതിക്രൂരമായ പീഡനങ്ങള്‍ യുവാവ് ഏറ്റുവാങ്ങിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
നേരത്തെ പാലക്കാട് എസ്.സി/എസ്.ടി സ്‌പെഷ്യല്‍ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മാര്‍ച്ച് 19-ന് ഈ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രതികള്‍ക്ക് വിചാരണ കോടതി അതീവ തിടുക്കത്തില്‍ ജാമ്യം അനുവദിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും നിശിതമായ നിരീക്ഷണങ്ങള്‍ കോടതി നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതികളോട് വീണ്ടും കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വിനോദിന്റെ മരണം.
Comments
No comments yet. Be the first to comment!
Leave a Comment