പാലക്കാട്: സഹകരണ വകുപ്പിന്റെ കോമണ്‍ സോഫ്റ്റ്‌വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന 700 കോടി രൂപയുടെ അഴിമതി ആരോപണവും എസ്ഡിപിഐയുമായി സിപിഎമ്മിന് ഡീലുണ്ടെന്ന വാദവും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. രമേശ് ചെന്നിത്തല വിവിധ വിഷയങ്ങളില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നുണ പറയുന്നതിലും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.
അഴിമതിയെന്ന പേരില്‍ വസ്തുതകള്‍ക്ക് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നത് അവരുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ 2021ല്‍ തന്നെ പൂര്‍ത്തിയായിരുന്നുവെന്നും 2024ല്‍ ടിസിഎസ് ഏകപക്ഷീയമായി പിന്മാറിയതാണെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാ നടപടികളും സുതാര്യമായ രീതിയിലാണുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ മറച്ചുപിടിക്കാനാണ് ഇത്തരം പച്ചനുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ജനങ്ങള്‍ അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും ഇത്തരം ആരോപണങ്ങള്‍ ജനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇല്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫിനെ കുടുക്കാനുള്ള ശ്രമമാണിതെന്നും, വികസന ചര്‍ച്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment