Sunday, July 19, 2026
India News

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍; ഊര്‍ജസുരക്ഷ ഉറപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ശക്തം

 ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍; ഊര്‍ജസുരക്ഷ ഉറപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ശക്തം


പശ്ചിമേഷ്യയില്‍ യുദ്ധം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതായി ഷിപ്പിംഗ് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകളുടെ യാത്ര.

ഇന്ത്യന്‍ കപ്പലുകളെല്ലാം സുരക്ഷിതമായി കടലിടുക്ക് കടത്തുന്നതിനുള്ള നടപടികളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം, ഏകദേശം 1.7 ലക്ഷം മെട്രിക് ടണ്‍ എല്‍പിജിയുമായി അഞ്ച് ഇന്ത്യന്‍ കപ്പലുകള്‍ റാസ് അല്‍ ഖൈമയ്ക്ക് സമീപം നങ്കൂരമിട്ട് ഹോര്‍മുസ് കടക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.

പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോള്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എല്‍പിജി ഇറക്കുമതിയിലും പ്രതിസന്ധി തുടരുന്നത് ദീര്‍ഘകാലത്തില്‍ രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പം, ചരക്ക് ഗതാഗതം, ഊര്‍ജവിതരണം തുടങ്ങിയ മേഖലകളില്‍ ഉണ്ടാകാനിടയുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ വിലയിരുത്തി അവ മറികടക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി വരികയാണ്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതായി പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.



Related News

Comments

No comments yet. Be the first to comment!

Leave a Comment