Wednesday, July 22, 2026
Kerala News

ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍: ഉറപ്പില്ലായെന്ന് ജോസ് കെ മാണി

  ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍: ഉറപ്പില്ലായെന്ന് ജോസ് കെ മാണി

കൊച്ചി:   ജോസ് കെ മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് പെട്ടെന്നുള്ള ചോരത്തിളപ്പ് കൊണ്ടല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാലായില്‍ ജോസ് കെ മാണി മത്സരിക്കുമെന്നും താന്‍ ഇടുക്കിയില്‍ ഉണ്ടാകുമെന്നുമാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. മത്സരിക്കും എന്നു പറയുന്നതാണ് കോണ്‍ഫിഡന്‍സ് എന്നും റോഷി അഗസ്റ്റിന്‍.

നേരത്തേ എല്‍ഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍  പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന്‍ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ.മാണിയും രംഗത്തു വന്നു.

എന്നാല്‍ ജോസ് കെ.മാണി പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് റോഷി.  ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്ക് വേണ്ടത് ലീഡര്‍ഷിപ്പാണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ മത്സരിക്കുമെന്ന് പറയുന്നതാണ് കോണ്‍ഫിഡന്‍സ്. അദ്ദേഹം പാലായില്‍ മത്സരിച്ച വ്യക്തിയാണ്. പാലാ നഷ്ടപ്പെടേണ്ട സീറ്റ് അല്ലല്ലോ. തെറ്റുകള്‍ തിരുത്തി മടങ്ങി വരുമെന്ന് ചെയര്‍മാന്‍ തന്നെ പാലായില്‍ പ്രസംഗിച്ചല്ലോ. ചെട്ടന്നുള്ള പ്രതികരണമായിരുന്നില്ലല്ലോ എന്റേത്. വളരെ ആലോചിച്ചല്ലേ ഞാന്‍ പറഞ്ഞത്. തീരുമാനം പാര്‍ട്ടി ആലോചിച്ചെടുക്കും. ഞാന്‍ മത്സരിക്കുമോ, ഇല്ലയോ, ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല വിഷയം. ഇടുക്കിയിലെ ജനങ്ങള്‍ക്കൊപ്പം എന്റെ ജീവിതകാലം മുഴുവന്‍ ഉണ്ടാകും - റോഷി അഗസ്റ്റിന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടി എന്ന് പറയുമ്പോഴും ശക്തമായ ഒരു നേതൃത്വം കേരള കോണ്‍ഗ്രസിന് വേണമെന്ന ഓര്‍മ്മിപ്പിക്കുന്നു റോഷി അഗസ്റ്റിന്‍. റോഷി അഗസ്റ്റിന്‍ നിലപാട് ശരിവെക്കാന്‍ ഇന്നും ജോസ് കെ മണി തയ്യാറായില്ല. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

Related News

Comments

No comments yet. Be the first to comment!

Leave a Comment