പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ ഏഴാം പ്രതി അറസ്റ്റില്‍. തിരുവല്ല മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടറെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് ഷിന്റോയെ പോലീസ് പിടികൂടിയത്.
നേരത്തെ ആറ് പ്രതികള്‍ മാത്രമാണ് കേസിലുണ്ടായിരുന്നത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. സ്പാ ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമം ഒരു സഹപ്രവര്‍ത്തക നല്‍കിയ ക്വട്ടേഷന്റെ ഭാഗമാണെന്ന ആരോപണത്തില്‍ പോലീസ് ശാസ്ത്രീയമായ അന്വേഷണം തുടരുകയാണ്. സംശയനിഴലിലുള്ള സഹജീവനക്കാരിയുടെയും അവരുടെ ആണ്‍സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധനയ്ക്കായി പിടിച്ചെടുത്തു. തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഫെബ്രുവരി ഒന്നിന് നടന്ന സംഭവത്തില്‍ 50,000 രൂപ ഗുണ്ടാപിരിവ് ആവശ്യപ്പെട്ടാണ് സുബിനും സംഘവും സ്പായിലെത്തിയത്. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് അതിജീവിതയുടെ കഴുത്തില്‍ കത്തിവെച്ച് കീഴ്‌പ്പെടുത്തുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. കേസില്‍ പ്രതികളായ സുബിന്‍, ബെര്‍ലിന്‍ ദാസ്, വരുണ്‍ കുമാര്‍, പ്രശോഭ് എന്നിവരടക്കം നേരത്തെ പിടിയിലായവര്‍ക്ക് പുറമെയാണ് പുതിയ അറസ്റ്റ്. കുപ്രസിദ്ധ കുറ്റവാളിയായ സുബിനെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ലോക്കല്‍ പോലീസും പ്രതികളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. സംഭവദിവസം പ്രതികള്‍ അതിക്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യതയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment