തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഹിയറിങ് നടപടികള്‍ നാളെയോടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലെ കണക്കനുസരിച്ച് 101 മണ്ഡലങ്ങളില്‍ ഹിയറിങ് പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, കാസര്‍ഗോഡ്, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലാണ് 100 ശതമാനം ഹിയറിങ് ഇതിനോടകം പൂര്‍ത്തിയായത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 36,89,057 പേരാണ് ഇതുവരെ ഹിയറിങ് നടപടികളില്‍ പങ്കെടുത്തത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ അനര്‍ഹരായ 28,158 പേരെ പരിശോധനകള്‍ക്ക് ശേഷം ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ 3,522 പേര്‍ മരണപ്പെട്ടവരും 1,361 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. കൂടാതെ താമസം മാറിയ 23,275 പേരെയും പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.
ഹിയറിങ് പൂര്‍ത്തിയാകുന്നതോടെ ഈ മാസം 21-ന് എസ്.ഐ.ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമായ വോട്ടര്‍പട്ടിക ഉറപ്പാക്കാനാണ് ഈ തീവ്ര യജ്ഞത്തിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment