Wednesday, July 22, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

 ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. എന്നാല്‍, ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കരദാസിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല.

കേസിലെ നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം പ്രത്യേക അന്വേഷണ സംഘം  ഇന്ന് സന്നിധാനത്ത് ആരംഭിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ പമ്പയിലെത്തും. സ്വര്‍ണ്ണം പൂശിയ പാളികളില്‍ നിന്നും മറ്റ് ഉരുപ്പടികളില്‍ നിന്നുമായി മൂന്ന് ദിവസത്തോളം നീളുന്ന പരിശോധനയാണ് നിശ്ചയിച്ചിട്ടുള്ളത്. ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസ്സെസ്‌മെന്റ് വിഭാഗവും എസ്.ഐ.ടിയോടൊപ്പം ഉണ്ടാകും. എക്‌സ്-റേ ഫ്‌ളൂറോസീന്‍സ് സ്‌പെക്ട്രോസ്‌കോപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക പരിശോധനകള്‍ക്കായി മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ അടക്കമുള്ള ലാബുകളെയാണ് പരിഗണിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ എവിടേക്ക് അയക്കണമെന്ന കാര്യം ഈ മാസം 19-നകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.









Related News

Comments

No comments yet. Be the first to comment!

Leave a Comment