Wednesday, July 22, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: എന്‍. വാസുവിന് ജാമ്യം

കൊല്ലം:  ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മൂന്നാം പ്രതിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍. വാസുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 2025 നവംബര്‍ 11-ന് അറസ്റ്റിലായ വാസുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയുള്ള ജാമ്യം ലഭിച്ചതോടെ വാസു ജയില്‍ മോചിതനാകും.

ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് എന്‍. വാസു പ്രതിയായിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, കേസില്‍ വിവേചനം കാണിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന പ്രതികളുടെ എണ്ണം അഞ്ചായി. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ ഇതേ രീതിയില്‍ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

അതേസമയം, കേസില്‍ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കെ.എസ്. ബൈജു എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും വിവരമുണ്ട്. മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment