തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനിലയില്‍ ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പലയിടങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷാവസ്ഥ തുടരാനാണ് സാധ്യത. ഇതോടെ പകല്‍ സമയത്തെ താപനില 34 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയങ്ങളില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും യാത്ര ചെയ്യുന്നവരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ കാട്ടുതീ പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാനും കൃഷിയിടങ്ങളിലെ സുരക്ഷയ്ക്കുമായി തദ്ദേശ സ്ഥാപനങ്ങളും ജാഗ്രത പുലര്‍ത്തണം. സൂര്യാതപം ഏറ്റ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കാനും വൈദ്യസഹായം തേടാനും അധികൃതര്‍ അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment