തിരുവല്ല സ്പാ ബലാത്സംഗ കേസില്‍ നാലാം പ്രതിയെ കൂടി പൊലീസ് പിടികൂടി. വൊക്കന്‍ എന്ന് വിളിക്കുന്ന തിരുവല്ല ചുമത്ര സ്വദേശി പ്രശോഭാണ് പ്രത്യേക പൊലീസ് സംഘത്തിന്റെ പിടിയിലായത്. റാന്നിയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടു കടന്നോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ഫെബ്രുവരി ഒന്നിനാണ് തിരുവല്ലയിലെ സ്പായില്‍ അതിക്രൂരമായ പീഡനം നടന്നത്. ഗുണ്ടാപിരിവ് നല്‍കാത്തതിനെത്തുടര്‍ന്ന് മരണ സുബിന്‍ എന്ന് വിളിക്കപ്പെടുന്ന സുബിന്‍ അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുഖ്യപ്രതി സുബിന്‍, ബെര്‍ലിന്‍ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതി കിരണ്‍, സജിന്‍ എന്നിവര്‍ക്കായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഈ കേസില്‍ ഉയര്‍ന്നിട്ടുണ്ട്. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പിടിയിലായ പ്രശോഭില്‍ നിന്ന് ഒളിവിലുള്ള മറ്റ് പ്രതികളെ കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
പ്രതികള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കേസിലെ ഗൗരവം പരിഗണിച്ച് കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നീക്കം. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിഗണിക്കുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment