Wednesday, July 22, 2026
Kerala News

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയം: ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ സംയുക്ത നീക്കം. പത്ത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ സമരത്തില്‍ രാജ്യത്തുടനീളം 30 കോടിയോളം തൊഴിലാളികള്‍ പങ്കുചേരുമെന്നാണ് കണക്കാക്കുന്നത്. ഇന്ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് നാളെ അര്‍ധരാത്രി വരെ നീണ്ടുനില്‍ക്കും.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നാല് തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കൂടാതെ ഡ്രാഫ്റ്റ് സീഡ് ബില്‍ , വൈദ്യുതി ഭേദഗതി ബില്‍, ശാന്തി  ആക്ട് എന്നിവ റദ്ദാക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കുക, തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഈ പ്രതിഷേധം അരങ്ങേറുന്നത്.

കെ.എസ്.ആര്‍.ടി.സിയിലെയും സ്വകാര്യ ബസ് മേഖലയിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കാന്‍ സാധ്യതയുണ്ട്. ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിംഗ് മേഖലയെയും പണിമുടക്ക് ബാധിച്ചേക്കാം. എന്നാല്‍ ജനജീവിതത്തെ ഗുരുതരമായി ബാധിക്കാതിരിക്കാന്‍ അവശ്യ സര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാല്‍ വിതരണം, പത്രങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത സമിതി അറിയിച്ചു. ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങളെയും പണിമുടക്ക് ബാധിക്കില്ല. എങ്കിലും ദീര്‍ഘദൂര യാത്രക്കാരെയും സാധാരണക്കാരെയും പണിമുടക്ക് കാര്യമായി ബാധിച്ചേക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment