Wednesday, July 22, 2026
Kerala News

തുടര്‍ഭരണം ഉണ്ടാകരുതെന്ന് പറഞ്ഞത് ശരിയല്ല; കെ. സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവന്‍കുട്ടി

തുടര്‍ഭരണം ഉണ്ടാകരുതെന്ന് പറഞ്ഞത് ശരിയല്ല; കെ. സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവന്‍കുട്ടി



തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടര്‍ഭരണത്തിന് എതിരെ നിലപാട് സ്വീകരിച്ച സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ. സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവന്‍കുട്ടി വിമര്‍ശനവുമായി രംഗത്തെത്തി. കണ്ണുമടച്ച് എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തില്‍ വരരുതെന്ന് പറയുന്നതില്‍ ശരികേടുണ്ടെന്നും, രാഷ്ട്രീയ വിഷയങ്ങളില്‍ ആഴത്തില്‍ ഇടപെടാതെയാണ് സച്ചിദാനന്ദന്‍ ഇത്തരം പരാമര്‍ശം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ മൂന്നാം തുടര്‍ഭരണത്തിനായി ഇടതുപക്ഷ ജനാധിപത്യ വിശ്വാസികളും പ്രവര്‍ത്തകരും മുന്നോട്ട് പോവുകയാണെന്നും, ജനങ്ങളോട് വോട്ട് ചോദിക്കാന്‍ എല്‍ഡിഎഫിന് പൂര്‍ണ അവകാശമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ജനക്ഷേമപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടെന്നും, വീണ്ടും അധികാരത്തില്‍ വരാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. അത്തരം സാഹചര്യത്തില്‍ മൂന്നാം തവണ അധികാരത്തില്‍ വരേണ്ടതില്ലെന്ന തരത്തിലുള്ള പ്രസ്താവന ആരില്‍ നിന്നുണ്ടായാലും ഇടതുപക്ഷ അനുഭാവികള്‍ക്ക് വിഷമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിദാനന്ദനെതിരെ നടന്നതായി പറയുന്ന സൈബര്‍ ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയും വിഷയത്തില്‍ ഹോംവര്‍ക്ക് ചെയ്യാതെയുമാണ് സച്ചിദാനന്ദന്‍ പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment