Wednesday, July 22, 2026
Kerala News

പിണറായി വിജയന്റെ മൊഴി എടുക്കണം, എസ്‌ഐടിയില്‍ സിപിഎം ഏജന്റുമാരുണ്ട്: വിഡി സതീശന്‍

പിണറായി വിജയന്റെ മൊഴി എടുക്കണം,  എസ്‌ഐടിയില്‍ സിപിഎം ഏജന്റുമാരുണ്ട്: വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണം. പ്രത്യേക അന്വേഷണ സംഘത്തില്‍ (SIT) സി.പി.ഐ.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഏജന്റുമാരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണ വിവരങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ചോര്‍ത്തി നല്‍കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം മുന്‍കൂട്ടി ചോര്‍ത്തി നല്‍കിയ അന്വേഷണ സംഘം, മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം നാല് ദിവസം കഴിഞ്ഞാണ് പുറത്തുവിട്ടതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. ശബരിമല കൊടിമരത്തിന്റെ കാര്യത്തില്‍ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് കാര്യങ്ങള്‍ നടന്നതെന്നും ദേവസ്വം ബെഞ്ച് ഇതിനെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും സത്യം പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണി നിലവില്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും ഘടകകക്ഷികള്‍ക്കിടയില്‍ പരസ്പര വിശ്വാസമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു. പിണറായി 3.0 എന്നതിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് യു.ഡി.എഫിനൊപ്പമാണ്. സാംസ്‌കാരിക പ്രവര്‍ത്തകനായ സച്ചിദാനന്ദനെപ്പോലെയുള്ളവര്‍ ഭയമില്ലാതെ അഭിപ്രായം പറയുന്നത് ജനവികാരത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Related News

Comments

No comments yet. Be the first to comment!

Leave a Comment