ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ നടന്‍ ജയറാമിന് ഇഡി സമന്‍സ് അയച്ചു. അടുത്ത ചൊവ്വാഴ്ച്ച ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചും ഇവര്‍ക്കിടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നുമാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും പരിശോധിക്കുന്നത്. ശബരിമലയില്‍ സ്ഥാപിക്കാനായി നിര്‍മ്മിച്ച കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവില്‍ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരമാണ് ഇഡി അന്വേഷണം നടത്തുന്നത്. നേരത്തെ മുന്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എസ്. ശ്രീകുമാര്‍ എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷിപ്പട്ടികയിലുള്ള ജയറാമിന് നോട്ടീസ് അയച്ചത്.
നേരത്തെ പ്രത്യേക അന്വേഷണ സംഘവും ചെന്നൈയിലെ വീട്ടിലെത്തി ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശബരിമലയില്‍ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും കടുത്ത അയ്യപ്പഭക്തനായ താന്‍ ഭക്തിയുടെ ഭാഗമായാണ് വീട്ടിലെ പൂജകളില്‍ പങ്കെടുത്തതെന്നും ജയറാം മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തോ തട്ടിപ്പോ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നാണ് നടന്റെ നിലപാട്. വരും ദിവസങ്ങളില്‍ കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ വ്യക്തികള്‍ക്ക് ഇഡി നോട്ടീസ് അയക്കുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment