ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ വിജിലന്‍സ് ഡയറക്ടര്‍ ഇന്ന് തീരുമാനിക്കും. കൊടിമരത്തിന്റെ നിര്‍മ്മാണവും ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും,രേഖകളും,മഹസറുകളും, അക്കൗണ്ടുകളും,അനുബന്ധ രേഖകളും, കൈമാറാനാണ് കോടതി നിര്‍ദ്ദേശം. 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ കട്ടിള പാളികളുടെ സാമ്പിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനുള്ള നടപടികളും എസ്‌ഐടി ആരംഭിക്കും. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (VSSC) നല്‍കിയ റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണത്തിന്റെ അളവ് സംബന്ധിച്ചും പഴയ പാളികള്‍ മാറ്റിയോ എന്നതിലും അവ്യക്തതയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്, മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (BARC) നാഷണല്‍ ലാബില്‍ പുതിയ സാമ്പിളുകള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ഫെബ്രുവരി 12-ന് സന്നിധാനത്ത് നിന്ന് ഇതിനായുള്ള സാമ്പിളുകള്‍ ശേഖരിക്കും.
കേസില്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളി കേസിലും കട്ടിളപ്പാളി കേസിലുമായി മൂന്ന് പേരെ കൂടി പ്രതിചേര്‍ക്കും. കുറ്റകൃത്യത്തില്‍ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് കുറ്റപത്രം വൈകിയതിനാല്‍ ജാമ്യം ലഭിച്ച സാഹചര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ മുന്‍ ദേവസ്വം ഭാരവാഹികളെയും രാഷ്ട്രീയ പ്രമുഖരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കും. ആന്റോ ആന്റണി എം.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment