Wednesday, July 22, 2026
Kerala News

തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്‍

തുടര്‍ഭരണം ജനാധിപത്യത്തിന് നല്ലതല്ല കെ. സച്ചിദാനന്ദന്‍



തിരുവനന്തപുരം: തുടര്‍ച്ചയായ ഭരണകൂടം ജനാധിപത്യത്തിന് നല്ലതല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കവിയും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദന്‍. ഒരു പാര്‍ട്ടി രണ്ടുതവണ ഭരണം നടത്തിയാല്‍ പിന്നീട് പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ജനാധിപത്യപരമായി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസായാലും താന്‍ ഇതേ നിലപാടാണ് സ്വീകരിക്കുകയെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി.

ജനാധിപത്യത്തെ യഥാര്‍ത്ഥത്തില്‍ ജനാധിപത്യമാക്കുന്നത് ശക്തമായ പ്രതിപക്ഷമാണെന്നും, പ്രതിപക്ഷത്ത് ഇരിക്കുന്നത് രാഷ്ട്രീയ ശക്തി വര്‍ധിപ്പിക്കാനുള്ള വഴിയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി അധികാരത്തില്‍ തുടരുന്നത് അഴിമതിയിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാല ഭരണത്തില്‍ അവസരവാദികള്‍ പാര്‍ട്ടിയോട് ചേര്‍ന്നേക്കുമെന്നും, ബംഗാളിലെ അനുഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുവരെ ബംഗാളിലെ അവസ്ഥയിലേക്ക് എത്തിയിട്ടില്ലെങ്കിലും, വീണ്ടും തുടര്‍ഭരണം ലഭിച്ചാല്‍ അത്തരത്തിലേക്ക് വഴുതിപ്പോകാനുള്ള സാധ്യത നിലനില്‍ക്കുന്നതായും സച്ചിദാനന്ദന്‍ മുന്നറിയിപ്പ് നല്‍കി. അധികാരമോഹികളായ ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിലും സാക്ഷരതയിലും ഇടതുസര്‍ക്കാര്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം വര്‍ധിച്ചുവരുന്നതായും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി. അത് ഒരു ജനാധിപത്യ പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment