തിരുവനന്തപുരം: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന ബിജെപി പ്രതിനിധി സംഘത്തിന്റെ ട്രെയിന്‍ യാത്രയില്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ പങ്കെടുക്കില്ല. അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് ട്രെയിനില്‍ പോകാന്‍ കഴിയില്ലെന്ന് ആര്‍ ശ്രീലേഖ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. ഇന്ന് രാവിലെയാണ് മേയര്‍ വി.വി. രാജേഷ് ഉള്‍പ്പെടുന്ന സംഘം ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.
എം.ആര്‍. ഗോപനും ആര്‍ ശ്രീലേഖയും അമ്മമാര്‍ക്ക് അസുഖമായതിനാല്‍ യാത്രയില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. എന്നാല്‍, വിമാനമാര്‍ഗം ആര്‍ ശ്രീലേഖ ഡല്‍ഹിയിലെത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.
ട്രെയിന്‍ യാത്രയ്ക്കായി എല്ലാവര്‍ക്കും ഒരുമിച്ചാണ് ടിക്കറ്റ് എടുത്തതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. എന്നാല്‍, വിമാനമാര്‍ഗം ആര്‍ ശ്രീലേഖ ഡല്‍ഹിയിലെത്താന്‍ സാധ്യതയുണ്ടെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് മേയറുടെയും കൗണ്‍സിലര്‍മാരുടെയും ഡല്‍ഹി യാത്ര.
Comments
No comments yet. Be the first to comment!
Leave a Comment