Wednesday, July 22, 2026
Kerala News

സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും

സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രത്യേക സംഘം അന്വേഷിക്കും

പത്തനംതിട്ട തിരുവല്ലയില്‍ ഗുണ്ടാ പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ മുഖ്യപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ മരണ സുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയിലായിട്ടുണ്ട്. കേസില്‍ പൊലീസിനും സ്പാ ഉടമകള്‍ക്കും ഇടയിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും പ്രത്യേക സംഘം അന്വേഷിക്കും.

കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തിരുവല്ലയിലെ സ്പായില്‍ അതിക്രൂരമായ സംഭവം അരങ്ങേറിയത്. സുബിന്‍ അലക്‌സാണ്ടറും അഞ്ച് കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടു. ഉടമ പണം നല്‍കാന്‍ വിസമ്മതിച്ചതോടെ, റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിക്കുള്ളിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ ക്രൂരകൃത്യം പ്രതികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം സ്പായിലെത്തിയ മറ്റൊരു സ്ത്രീയെയും പ്രതികള്‍ ഉപദ്രവിക്കുകയും സ്ഥാപനത്തില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു.

സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം മാത്രമാണ് പൊലീസ് കേസ് എടുത്തതെന്നത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. പ്രതികള്‍ സ്പായില്‍ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസുകാര്‍ സ്പായില്‍ നിന്ന് മാസപ്പടി വാങ്ങിയിട്ടുണ്ടോയെന്നും പ്രത്യേക സംഘം പരിശോധിക്കും.

കൊലപാതക ശ്രമം, മോഷണം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ സുബിന്‍ അലക്‌സാണ്ടര്‍ നേരത്തെ കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. ഇയാള്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനിടെ ഇവര്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിടുകയും നായയെ വിട്ട് കടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങും.


Related News

Comments

No comments yet. Be the first to comment!

Leave a Comment