Wednesday, July 22, 2026
Kerala News

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഇന്ന് കേരളത്തില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം:  ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിതിന്‍ നബീന്റെ ആദ്യ കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എത്തുന്ന അദ്ദേഹം വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയിലും തൃശൂരിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഉജ്ജ്വല സ്വീകരണം നല്‍കും. ഉച്ചയ്ക്ക് 2.30-ന് നെടുമ്പാശ്ശേരിയില്‍ വെച്ച് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് എറണാകുളം, ആലപ്പുഴ റവന്യൂ ജില്ലകളിലെ ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

അങ്കമാലിയിലെ അഡ്ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മേളനം നടക്കുന്നത്. വൈകുന്നേരം കൊച്ചി പാലാരിവട്ടത്ത് നടക്കുന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. രാത്രി 8.10-ന് എളമക്കരയിലെ പ്രാന്ത കാര്യാലയത്തില്‍ നടക്കുന്ന സുപ്രധാന യോഗത്തിലും അദ്ദേഹം സംസാരിക്കും.

ഫെബ്രുവരി ഏഴിന് ശനിയാഴ്ച രാവിലെ 7.45-ന് കാലടിയിലെ ശ്രീ ശൃംഗേരി ശങ്കര മഠത്തിലും ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. തുടര്‍ന്ന് തൃശൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ഒല്ലൂക്കരയിലെ സോണല്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപം ചുമരെഴുത്ത് നടത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും. 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചും വികസിത കേരളത്തെക്കുറിച്ചും തൃശൂര്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ബൗദ്ധിക സംഗമത്തില്‍ അദ്ദേഹം സംസാരിക്കും.  

ജനുവരി 20-ന് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിതിന്‍ നബിന്റെ ഈ സന്ദര്‍ശനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment