ന്യൂഡൽഹി: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 7, 8 തീയതികളിൽ മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ മലേഷ്യൻ സന്ദർശനമാണിത്. 2024 ഓഗസ്റ്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയ ശേഷമുള്ള ആദ്യ സന്ദർശനമാണിത്.
സന്ദർശന വേളയിൽ മോദിയും അൻവർ ഇബ്രാഹിമും തമ്മിൽ ഇന്ത്യ-മലേഷ്യ ബന്ധത്തിന്റെ എല്ലാ മേഖലകളെയും കുറിച്ച് ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സമുദ്ര സഹകരണം എന്നിവ നേതാക്കൾ അവലോകനം ചെയ്യും. കൂടാതെ മലേഷ്യയിലെ ഇന്ത്യൻ സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം സംവദിക്കും. സന്ദർശനത്തോടനുബന്ധിച്ച് പത്താമത് ഇന്ത്യ-മലേഷ്യ സിഇഒ ഫോറവും സംഘടിപ്പിക്കുന്നുണ്ട്.
ഡിജിറ്റൽ ഫിനാൻഷ്യൽ ടെക്നോളജി, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ ചുവടുവയ്പ്പുകൾ ഈ യാത്രയിലൂടെ പ്രതീക്ഷിക്കുന്നു. മലേഷ്യയിലെ 2.9 മില്യൺ വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കരുത്താണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കാൻ ഈ സന്ദർശനം സഹായിക്കും.
Comments
No comments yet. Be the first to comment!
Leave a Comment