Wednesday, July 22, 2026
Kerala News

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: മാവേലിക്കര നിയോജക മണ്ഡലത്തെ ദീര്‍ഘകാലം നിയമസഭയില്‍ പ്രതിനിധീകരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. മുരളി (73) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

1991 മുതല്‍ 2006 വരെ തുടര്‍ച്ചയായി നാല് തവണ മാവേലിക്കരയില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം, നിലവില്‍ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1969-ല്‍ കെ.എസ്.യു-വിലൂടെ പൊതുരംഗത്തെത്തിയ മുരളി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തുടങ്ങിയ നിര്‍ണ്ണായക പദവികള്‍ വഹിച്ചിട്ടുണ്ട്. 

എം.ജി സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റ് അംഗം എന്ന നിലയിലും കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആര്‍.ടി.സി തുടങ്ങി വിവിധ ബോര്‍ഡുകളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ചെറുകോല്‍ വൈപ്പു വിളയില്‍ പരേതനായ കെ.പി. മാധവന്‍ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. ഡോ. മിഥുന്‍, മൃദുല്‍, മൃണാള്‍ എന്നിവര്‍ മക്കളാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment