കൊല്ലം: കൊട്ടാരക്കര നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വസ്ത്രധാരണത്തെച്ചൊല്ലി വിവാദം. ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ ഗേറ്റില്‍ തടഞ്ഞു. സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരമാണ് ഗേറ്റ് കീപ്പര്‍ തന്നെ തടഞ്ഞതെന്ന് ആരോപിച്ച് പ്രധാന അധ്യാപിക സിന്ധു എസ്. സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളിലെത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് നല്‍കാനുള്ള മുട്ടയുമായാണ് പ്രധാന അധ്യാപിക സ്‌കൂളിലെത്തിയത്. എന്നാല്‍ ഇവരെ ഗേറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ ഗേറ്റ് കീപ്പര്‍ തയ്യാറായില്ല. ചുരിദാര്‍ ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് മാനേജര്‍ നേരത്തെ തന്നോട് പറഞ്ഞിരുന്നുവെന്നും, ഇന്ന് തന്നെ തടയണമെന്ന് ഗേറ്റ് കീപ്പര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നുമാണ് അധ്യാപികയുടെ ആരോപണം. മുമ്പും സമാനമായ രീതിയില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ മാനേജരില്‍ നിന്നും തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രധാന അധ്യാപികയുടെ ആരോപണങ്ങള്‍ സ്‌കൂള്‍ മാനേജര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. അധ്യാപികയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് സ്‌കൂളിലെത്താമെന്നും അവരെ തടയാന്‍ താന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നുമാണ് മാനേജറുടെ വിശദീകരണം. സ്‌കൂള്‍ ഗേറ്റില്‍ അധ്യാപിക പ്രതിഷേധം തുടര്‍ന്നതോടെ നാട്ടുകാരും രക്ഷിതാക്കളും സ്ഥലത്ത് തടിച്ചുകൂടി. ഒടുവില്‍ കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ച ശേഷമാണ് അധ്യാപികയെ സ്‌കൂള്‍ വളപ്പിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തിയേക്കും.
Comments
No comments yet. Be the first to comment!
Leave a Comment