കാസര്‍ഗോഡ്: ജനകീയ പ്രതിഷേധങ്ങള്‍ക്കും നീണ്ട പോരാട്ടങ്ങള്‍ക്കും ഒടുവില്‍ കാസര്‍ഗോഡ് കുമ്പള ആരിക്കാടിയിലെ വിവാദ ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നു. ടോള്‍ പിരിവ് നിര്‍ത്തലാക്കാനുള്ള ഫയലില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഒപ്പുവെച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്നുച്ചയോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ 48 മണിക്കൂറിനകം ടോള്‍ ബൂത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കേണ്ടി വരും. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം ലംഘിച്ചാണ് തലപ്പാടിക്ക് പുറമെ കുമ്പളയിലും ടോള്‍ പിരിവ് ആരംഭിച്ചത്.
ജനുവരി രണ്ടാം വാരം ടോള്‍ പിരിവ് ആരംഭിച്ചത് മുതല്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് പ്രദേശത്ത് അരങ്ങേറിയത്. തലപ്പാടി ടോള്‍ പ്ലാസയില്‍ നിന്നും വെറും 22 കിലോമീറ്റര്‍ മാത്രം അകലെയുള്ള ആരിക്കാടിയില്‍ വീണ്ടും ടോള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിയിരുന്നു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ജനുവരി മുതല്‍ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു. പ്രതിഷേധം പലപ്പോഴും സംഘര്‍ഷഭരിതമാവുകയും ടോള്‍ ബൂത്തിലെ ഉപകരണങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
ദേശീയപാത അതോറിറ്റിയും കേന്ദ്രമന്ത്രിയും മുമ്പ് നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചുകൊണ്ടാണ് ടോള്‍ പിരിവ് നടത്തിയതെന്ന ആരോപണം ശക്തമായിരുന്നു. നിലവിലെ നിയമമനുസരിച്ച് രണ്ട് ടോള്‍ ബൂത്തുകള്‍ക്കിടയില്‍ കുറഞ്ഞത് 60 കിലോമീറ്റര്‍ ദൂരം നിര്‍ബന്ധമാണ്. ഈ ദൂരപരിധി ലംഘിച്ചതിനെതിരെ ഹൈക്കോടതിയിലും പരാതികള്‍ എത്തിയിരുന്നു. ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ജനകീയ സമരത്തിന്റെ വിജയമായാണ് ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും ഈ തീരുമാനത്തെ കാണുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment