Wednesday, July 22, 2026
Kerala News

സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും

സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിന് അടുത്ത സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കടവന്ത്രയിലെ ഓഫീസില്‍ ഹാജരായ അദ്ദേഹത്തെ രാവിലെ 10.15 മുതല്‍ വൈകുന്നേരം വരെ നീണ്ട മണിക്കൂറുകളോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ മുരാരി ബാബുവിന് സാധിച്ചിട്ടില്ലെന്നാണ് വിവരം.

2019 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മുരാരി ബാബുവിന്റെ സ്വത്തുക്കളില്‍ അസാധാരണമായ വര്‍ദ്ധനവ് ഉണ്ടായതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് 2021-ല്‍ നടത്തിയ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷണ പരിധിയിലുണ്ട്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പുറമെ മറ്റ് ക്രമക്കേടുകളില്‍ നിന്നും ഇദ്ദേഹം വഴിവിട്ട് പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ശബരിമലയിലെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്‍പ്പപാളിയിലെയും സ്വര്‍ണ്ണം കവര്‍ന്ന കേസുകളിലാണ് നിലവില്‍ ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിയായ എസ്. ശ്രീകുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. എസ്.ഐ.ടി രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ജാമ്യം ലഭിച്ച മുരാരി ബാബുവിനെ കൂടാതെ, ജാമ്യത്തിലുള്ള മറ്റ് പ്രതികളെയും പ്രധാന സാക്ഷികളെയും വരും ദിവസങ്ങളില്‍ ഇഡി വിളിച്ചുവരുത്തും. അതേസമയം, കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment