Wednesday, July 22, 2026
Kerala News

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണം; സ്പീക്കര്‍



തിരുവനന്തപുരം: പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുഖം മറച്ചും നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറിക്കൊണ്ടുള്ള പ്രതിഷേധം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും, ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം സഭാമര്യാദ പാലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

തന്നെ അന്ധനാക്കി മാറ്റുന്ന തരത്തിലാണ് മുഖം മറച്ചുള്ള പ്രതിഷേധമെന്നും, ഇത് ജനാധിപത്യവിരുദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും, ആവശ്യമുണ്ടായിരുന്നാല്‍ താന്‍ തന്നെ അവരോട് നിര്‍ദേശം നല്‍കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ചുമാറ്റിയെന്നും, അതുവഴി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചതാണെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉറച്ചുനിന്നു. സഭയിലെ പ്രതിപക്ഷ സമരം ജനാധിപത്യപരമായിരുന്നുവെന്നും, എസ്.ഐ.ടി.യുടെ വീഴ്ചയില്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ സ്പീക്കര്‍മാര്‍ പ്രതിഷേധസമയങ്ങളില്‍ ഇരുഭാഗങ്ങളെയും കേള്‍ക്കാറുണ്ടായിരുന്നുവെന്നും, എന്നാല്‍ ഇപ്പോഴത്തെ സ്പീക്കര്‍ പ്രതിപക്ഷ സമരത്തെ വെല്ലുവിളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

ഇതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് ഇറങ്ങി. ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയ്ക്കകത്ത് ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു. ബാനര്‍ താഴ്ത്തിയില്ലെങ്കില്‍ പിടിച്ചുമാറ്റുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment