Wednesday, July 22, 2026
India News

വേഗറെയില്‍ ഇടനാഴിയില്‍ കേരളമില്ല; കേരളം, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍

വേഗറെയില്‍ ഇടനാഴിയില്‍ കേരളമില്ല; കേരളം, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന പൂര്‍ണ്ണ ബജറ്റില്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അതിവേഗ റെയില്‍ ഇടനാഴിയില്‍ സംസ്ഥാനത്തിന് ഇടമില്ല. ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച് ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉള്‍പ്പെടാതിരുന്നത്. ഇതോടെ കേരള എംപിമാര്‍ കേരളം, കേരളം എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് പ്രധാന റൂട്ടുകളാണ് അതിവേഗ റെയില്‍ പദ്ധതിക്കായി തിരഞ്ഞെടുത്തത്. മുംബൈ - പൂനെ, പൂനെ - ഹൈദരാബാദ്, ഹൈദരാബാദ് - ബെംഗളൂരു, ഹൈദരാബാദ് - ചെന്നൈ, ചെന്നൈ - ബെംഗളൂരു, ഡല്‍ഹി - വാരാണസി, വാരാണസി - സിലിഗുരി. 

റെയില്‍വേ പദ്ധതിയില്‍ അവഗണന നേരിട്ടെങ്കിലും, കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി പുതിയ ധാതു ഇടനാഴി ബജറ്റില്‍ പ്രഖ്യാപിച്ചു. അപൂര്‍വ ധാതുക്കളുടെ ഖനനവും സംസ്‌കരണവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി. ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തെയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായി 40,000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.

കര്‍ത്തവ്യപഥിലേക്ക് ധനമന്ത്രാലയത്തിന്റെ ഓഫീസ് മാറിയ ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഇത്. അതിനാല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ത്തവ്യങ്ങള്‍  എടുത്തുപറഞ്ഞാണ് ധനമന്ത്രി പ്രസംഗം ആരംഭിച്ചത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുക, ഓരോ കുടുംബത്തിനും വിഭവങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുക എന്നിവയാണ് ഞങ്ങളുടെ പ്രഥമ കര്‍ത്തവ്യം എന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment