Wednesday, July 22, 2026
Kerala News

കേന്ദ്രബജറ്റില്‍ കാതോര്‍ത്ത് രാജ്യം; മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

 കേന്ദ്രബജറ്റില്‍ കാതോര്‍ത്ത് രാജ്യം; മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന്

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ 11 മണിക്ക് ലോക്സഭയില്‍ തന്റെ തുടര്‍ച്ചയായ ഒന്‍പതാം ബജറ്റ് പ്രസംഗം ആരംഭിക്കും. രാജ്യം സാമ്പത്തികമായി വലിയ മുന്നേറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന ഈ വേളയില്‍ ശമ്പളക്കാര്‍, കര്‍ഷകര്‍, മധ്യവര്‍ഗക്കാര്‍ എന്നിവര്‍ക്കായി ഒട്ടേറെ ആശ്വാസ നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

ശമ്പളക്കാരായ നികുതിദായകര്‍ ഇത്തവണയും വലിയ ഇളവുകളാണ് ഉറ്റുനോക്കുന്നത്. ജീവിതച്ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 75,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സജീവമാണ്. പുതിയ നികുതി വ്യവസ്ഥയില്‍ 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നിലവില്‍ ഇളവുണ്ടെങ്കിലും ഇത് 15 ലക്ഷം രൂപ വരെയാക്കി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പുതിയ നികുതി രീതി പിന്തുടരുന്നവര്‍ക്കും ഭവനവായ്പ പലിശയില്‍ നികുതി ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കാം. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആറായിരം രൂപയില്‍ നിന്നും 9000 രൂപയോ 12,000 രൂപയോ ആയി വര്‍ദ്ധിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ഇ.പി.എഫ് (EPF) പെന്‍ഷന്‍കാരുടെ കുറഞ്ഞ പെന്‍ഷന്‍ തുക ആയിരം രൂപയില്‍ നിന്ന് 5000 രൂപയോ 7500 രൂപയോ ആയി ഉയര്‍ത്തുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു. വിള ഇന്‍ഷുറന്‍സ് പദ്ധതികള്‍ വിപുലീകരിക്കാനും കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും.

കേരളത്തെ സംബന്ധിച്ചിടത്തോളം റെയില്‍വേ വികസനത്തിലാണ് പ്രധാന പ്രതീക്ഷകള്‍. വന്ദേ ഭാരത് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം റെയില്‍വേ പാത ഇരട്ടിപ്പിക്കലിനായി കൂടുതല്‍ തുക അനുവദിക്കുമെന്നും കരുതപ്പെടുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്‍ നിര്‍ദ്ദേശിച്ച അതിവേഗ റെയില്‍പ്പാതയുടെ (High-Speed Rail) ഡി.പി.ആര്‍ (DPR) തയ്യാറാക്കാന്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഇതിനൊപ്പം പ്രാദേശിക ദ്രുതഗതിയിലുള്ള യാത്രാ സംവിധാനങ്ങള്‍ക്കും (RRTS) കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുണ്ട്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ക്ക് പുറമെ, സാധാരണക്കാര്‍ക്ക് ആശ്വാസമായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേലുള്ള ജി.എസ്.ടി (GST) നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ചെറുകിട-ഇടത്തര വ്യവസായങ്ങള്‍ക്ക് (MSME) കുറഞ്ഞ പലിശ നിരക്കില്‍ വായ്പകളും നികുതി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചേക്കാം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം തന്നെ സാധാരണക്കാരന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്ന ജനപ്രിയ തീരുമാനങ്ങള്‍ ധനമന്ത്രിയില്‍ നിന്ന് ഉണ്ടാകുമോ എന്നാണ് രാജ്യം കാത്തിരിക്കുന്നത്.




Related News

Comments

No comments yet. Be the first to comment!

Leave a Comment