ബെംഗളൂരു: ബംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. റോയിക്ക് ആത്മഹത്യ ചെയ്യേണ്ട വിധത്തിലുള്ള സാമ്പത്തിക ബാധ്യതകളോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും സഹോദരന്‍ സി.ജെ. ബാബു വെളിപ്പെടുത്തി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കര്‍ണാടക സര്‍ക്കാര്‍ കേസ് അന്വേഷണം സിഐഡിക്ക് കൈമാറി ഉത്തരവിട്ടു.
കഴിഞ്ഞ ജനുവരി 28 മുതല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിലെത്തിയ റോയിയെ ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതോടെ സ്വന്തം മുറിയിലേക്ക് പോയ റോയ്, വാതില്‍ അകത്തുനിന്നും പൂട്ടിയ ശേഷം കൈവശമുണ്ടായിരുന്ന ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഡിസംബറിലും ഗ്രൂപ്പിന്റെ ഓഫീസുകളില്‍ സമാനമായ രീതിയില്‍ പരിശോധന നടന്നിരുന്നുവെന്നും അന്ന് ആവശ്യപ്പെട്ട എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാല്‍ വീണ്ടും റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസികമായി തളര്‍ത്തുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ തന്നെ വിളിച്ച് കാണണമെന്ന് റോയ് ആവശ്യപ്പെട്ടിരുന്നുവെന്നും താന്‍ നേരിടുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും സഹോദരന്‍ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി.ജെ. ജോസഫിന്റെ പരാതിയിന്മേലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വലിയ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളും ഉള്‍പ്പെട്ട കേസ് ആയതിനാലാണ് അന്വേഷണച്ചുമതല സിഐഡിക്ക് കൈമാറിയത്. സി.ജെ. റോയിയുടെ മൊബൈല്‍ ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ദുബൈയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് സംസ്‌കരിക്കും.
Comments
No comments yet. Be the first to comment!
Leave a Comment