മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ നിലവിൽ രാജ്യസഭാ എംപിയാണ്. എൻസിപിയുടെ മുതിർന്ന നേതാക്കൾ ബാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപമുഖ്യമന്ത്രിയാകും സുനേത്ര പവർ. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാകുമിവർ. സുനേത്രയെ എൻസിപി (അജിത്) നിയമസഭാ കക്ഷി നേതാവായി ഇന്നു തിരഞ്ഞെടുക്കും. മുഖ്യമന്ത്രിയും സഖ്യകക്ഷിയായ ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസുമായി നടത്തിയ ചർച്ചയ്ക്കു ശേഷം എൻസിപി മന്ത്രി ഛഗൻ ഭുജ്ബലാണ് ഇക്കാര്യം അറിയിച്ചത്. ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാർട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോ എന്ന കാര്യത്തിലും ഉടൻ വ്യക്‌തത വരും. പാർട്ടിയുടെ നിയന്ത്രണം മറ്റൊരാളുടെ കൈകളിൽ എത്തുന്നതിനോട് പവാർ കുടുംബാംഗങ്ങൾക്ക് യോജിപ്പില്ല.
സുനേത്ര ബുദ്ധിമുട്ട് അറിയിക്കുകയും അനുഭവസമ്പത്തുള്ള നേതാവ് നയിക്കണമെന്ന് അഭിപ്രായമുയരുകയും ചെയ്താൽ വർക്കിങ് പ്രസിഡന്റ് മുൻ കേന്ദ്രമന്ത്രി പ്രഫുൽ പട്ടേലിന് അധ്യക്ഷന്റെ നറുക്കു വീണേക്കും. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകൻ പാർഥ് പവാറിനു നൽകാനാണു സാധ്യത. ബാരാമതി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താൻ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാർ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ല. അജിത്തിന്റെ മരണത്തിനു പിന്നാലെ ധനമന്ത്രിയുടെ താത്കാലിക ചുമതല ഏറ്റെടുത്ത മുഖ്യമന്ത്രി ഫഡ്നാവിസ് ആയിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക.
Comments
No comments yet. Be the first to comment!
Leave a Comment