ബംഗളൂരു: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവില്‍ ജീവനൊടുക്കിയ വ്യവസായി സി.ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ദുബൈയില്‍ നിന്ന് റോയിയുടെ കുടുംബം ബംഗളൂരുവിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമെന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു.
ബംഗളൂരുവിലെ ഓഫീസിലും കഫെയിലും ഇന്നലെയാണ് റെയ്ഡ് നടന്നത്. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. ഒന്നര മണിക്കൂറോളം റോയിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്.
അശോക് നഗറിലെ ഹൊസൂര്‍ റോഡിലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസ്. റിയല്‍ എസ്റ്റേറ്റ് രംഗത്താണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലും ഗ്രൂപ്പിന് നിരവധി സംരംഭങ്ങളുണ്ട്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഐടി റെയ്ഡ് നടന്നത് എന്നാണ് സൂചന. കേരളത്തിലും ബംഗളൂരുവിലും ഗള്‍ഫിലും കമ്പനിക്ക് നിക്ഷേപമുണ്ട്. സിനിമാ നിര്‍മാണരംഗത്തും റോയ് പ്രവര്‍ത്തിച്ചിരുന്നു. നാല് സിനിമകള്‍ സി.ജെ റോയ് നിര്‍മിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment