Wednesday, July 22, 2026
Kerala News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കാന്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ നാല് പേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

 നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കാന്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ നാല് പേര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി


നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പള്‍സര്‍ സുനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പള്‍സര്‍ സുനി ഉള്‍പ്പെടെ നാല് പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവാണ് വിധിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്.

ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സുനില്‍ എന്‍.എസ്. എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്റണിയുടെ മകന്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബുവിന്റെ മകന്‍ ബി. മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ വി.പി. വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ ഹസ്സന്റെ മകന്‍ എച്ച്. സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ ഉഷ ശ്രീഹരന്റെ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരുന്നത്.

ശിക്ഷിക്കപ്പെട്ട ആറ് പ്രതികളില്‍ ആദ്യം ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധ്യത പള്‍സര്‍ സുനിക്കാണ്. ഏഴര വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞതിനാല്‍ 20 വര്‍ഷം കഠിന തടവില്‍ ഇനി 13 വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയും ഏഴ് വര്‍ഷത്തോളം വിചാരണ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഇയാളും 13 വര്‍ഷം കൂടി തടവില്‍ കഴിഞ്ഞാല്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാകും. നിലവിലെ കണക്കുകള്‍ പ്രകാരം 2039ഓടെ ഇരുവരും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകും.


Related News

Comments

No comments yet. Be the first to comment!

Leave a Comment