കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറക്കാക്കപ്പെട്ട വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും നേതാക്കളുടെ ജീര്‍ണ്ണതയെക്കുറിച്ചും കടുത്ത വെളിപ്പെടുത്തലുകളാണുള്ളത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താക്കളായി സിപിഎം നേതാക്കള്‍ മാറിയെന്നും അഴിമതിക്കാരെ സംരക്ഷിക്കാന്‍ സംഘടനാ തത്വങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും പുസ്തകം ആരോപിക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളും ഇതില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനനെതിരെ വ്യക്തിപരമായ വിമര്‍ശനങ്ങളും പുസ്തകത്തിലുണ്ട്. എംഎല്‍എയുടേത് ബൂര്‍ഷ്വാ രാഷ്ട്രീയ ശൈലിയാണെന്നും അനുസരിക്കുന്ന ആശ്രിതരെ സൃഷ്ടിക്കുകയാണ് അദ്ദേഹത്തിന്റെ രീതിയെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. പയ്യന്നൂരിലെ പാര്‍ട്ടി നന്നാവണമെങ്കില്‍ ആദ്യം നേതാവ് നന്നാകണമെന്നും എതിര്‍ക്കുന്നവരോട് മരണം വരെ പക വെച്ചുപുലര്‍ത്തുന്ന രീതിയാണ് മധുസൂദനന്റേതെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയെ കമ്യൂണിസ്റ്റ് അല്ലാതാക്കി വെറും തിരഞ്ഞെടുപ്പ് പാര്‍ട്ടിയായി മാറ്റുന്നതില്‍ സംസ്ഥാന നേതൃത്വം വിജയിച്ചതായും അദ്ദേഹം പരിഹസിക്കുന്നു.
തെറ്റുകള്‍ തിരുത്തുമെന്ന് പാര്‍ട്ടി പറയുമെങ്കിലും നേതാക്കള്‍ തെറ്റ് ചെയ്താല്‍ മിണ്ടരുതെന്നാണ് സ്വന്തം അനുഭവങ്ങള്‍ പഠിപ്പിച്ചതെന്ന് വി. കുഞ്ഞികൃഷ്ണന്‍ പറയുന്നു. പയ്യന്നൂരിലെ വിഭാഗീയത പരിഹരിക്കാന്‍ ജില്ലാ നേതൃത്വം തയ്യാറായില്ലെന്നും താന്‍ അപമാനിക്കപ്പെട്ടുവെന്നും അദ്ദേഹം പുസ്തകത്തിലൂടെ തുറന്നടിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിലെ അവസാന അധ്യായത്തിന് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അന്ത്യം എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 16 അധ്യായങ്ങളുള്ള പുസ്തകം അടുത്ത ബുധനാഴ്ച പ്രകാശനം ചെയ്യും.
Comments
No comments yet. Be the first to comment!
Leave a Comment