Wednesday, July 22, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള:  നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം:  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ താരത്തിന്റെ വസതിയില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്ന് ജയറാം മൊഴി നല്‍കി. ശബരിമലയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും എന്നാല്‍ തട്ടിപ്പില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ജയറാം അന്വേഷണ സംഘത്തെ അറിയിച്ചു. സ്വര്‍ണ്ണപ്പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണപ്പാളിയും ദ്വാരപാലക ശില്‍പവും അറ്റകുറ്റപ്പണിക്കായി പുറത്തു കൊണ്ടുപോയതാണെന്ന് വിശ്വസിപ്പിച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെയും ഗായകന്‍ വീരമണിയുടെയും വീടുകളില്‍ ഇവ എത്തിച്ച് പൂജ നടത്തിയത്.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി തന്റെ വീട്ടില്‍ എത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് ജയറാം പിന്നീട് പ്രതികരിച്ചിരുന്നു. സ്വര്‍ണ്ണപ്പാളിയില്‍ പൂജ നടത്താനായത് മഹാഭാഗ്യമായാണ് അന്ന് കരുതിയതെന്നും, ഇതിനായി താന്‍ പണമൊന്നും നല്‍കിയിട്ടില്ലെന്നും ജയറാം വ്യക്തമാക്കിയിട്ടുണ്ട്. അയ്യന്റെ മുതല്‍ കട്ടിട്ടുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം എന്ന് വ്യക്തമാക്കിയ താരം, അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അറിയിച്ചു. 2019-ല്‍ ചെന്നൈയില്‍ നടന്ന ഈ പൂജയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

അതേസമയം, കേസില്‍ പ്രതികളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളില്‍ വലിയ വര്‍ദ്ധനവുണ്ടായതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ അനേകം ഇരട്ടി സ്വത്താണ് പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ വഴിയൊരുക്കുകയാണ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് കാലാവധി 90 ദിവസം തികയുന്നതോടെ സ്വാഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത എസ്ഐടിയുടെ നടപടി പ്രതികള്‍ക്ക് ജയില്‍ മോചിതരാകാന്‍ സഹായകമാകുന്നു എന്ന ആക്ഷേപം ശക്തമാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment