മഹാരാഷ്ട്ര രാഷ്ട്രീയത്തെ നടുക്കിയ വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് നടക്കും. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാന്‍ മൈതാനത്ത് രാവിലെ 11 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവര്‍ ഇന്നലെ തന്നെ ബാരാമതിയിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം തുടരുകയാണ്.
അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. വിദഗ്ധ സംഘം ബാരാമതി വിമാനത്താവളത്തിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വ്യോമസേന ബാരാമതി എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. അപകടത്തില്‍ മരിച്ച അജിത് പവാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പൈലറ്റുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഡിജിസിഎ അധികൃതര്‍ അപകടസ്ഥലത്ത് നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ അടങ്ങിയ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും പരിശോധനയ്ക്ക് വിധേയമാക്കും. റണ്‍വേയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ മോശം കാലാവസ്ഥയും ദൂരക്കാഴ്ചയുടെ കുറവുമാണ് പ്രാഥമികമായി അപകടകാരണമെന്ന് കരുതപ്പെടുന്നത്. എടിസിയുമായി നടത്തിയ അവസാന നിമിഷങ്ങളിലെ ആശയവിനിമയങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.
ബാരാമതി എയര്‍പോര്‍ട്ടിന് സമീപം ലാന്‍ഡിംഗിനിടെയാണ് വിമാനം തകര്‍ന്നു വീണത്. റണ്‍വേ ലക്ഷ്യമാക്കി താഴ്ന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് നിലംപതിക്കുകയും വലിയ സ്‌ഫോടനത്തോടെ തകരുകയുമായിരുന്നു. വിമാനം നിലത്തിടിച്ച ആഘാതത്തില്‍ എന്‍ജിനും മറ്റ് ഭാഗങ്ങളും വേര്‍പെട്ട് ദൂരേക്ക് തെറിച്ചുപോയി. ഉടന്‍ തന്നെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയെങ്കിലും വിമാനം പൂര്‍ണ്ണമായും തീപിടുത്തത്തില്‍ അമര്‍ന്നിരുന്നു. അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും മറ്റ് മൂന്ന് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment