Wednesday, July 22, 2026
Kerala News

പയ്യന്നൂരില്‍ അനുനയ നീക്കം; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ വീട്ടിലെത്തി പി.ജയരാജന്‍

 പയ്യന്നൂരില്‍ അനുനയ നീക്കം; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയയാളുടെ വീട്ടിലെത്തി പി.ജയരാജന്‍

കണ്ണൂര്‍ പയ്യന്നൂരില്‍ അനുനയ നീക്കവുമായി സിപിഐഎം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനാണ് ശ്രമം. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നല്‍കിയ പ്രസന്നന്റെ വീട്ടില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍ എത്തി.

വി കുഞ്ഞികൃഷ്ണന്റെ സഹോദരന്‍ വി നാരായണന്റെ വീട്ടിലും പി ജയരാജന്‍ സന്ദര്‍ശനം നടത്തി. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയര്‍മാനും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയുമായ സരിന്‍ ശശിയും പി ജയരാജന് മുന്‍പ് പ്രസന്നനെ സന്ദര്‍ശിച്ചിരുന്നു. 

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലില്‍ അണികള്‍ക്ക് താക്കീത്. പ്രകോപനം സൃഷ്ടിക്കരുതെന്നാണ് നിര്‍ദേശം. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ, പോസ്റ്ററുകളോ പാടില്ല.കുഞ്ഞികൃഷ്ണനെതിരായ നടപടി വിശദീകരിക്കാന്‍ വിളിച്ച യോഗത്തിലാണ് താക്കീത്.

അതേസമയം ടി ഐ മധുസൂദനന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് പയ്യന്നൂരില്‍ ഇന്ന് ബിജെപി മാര്‍ച്ച് നടത്തും. ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയ സിപിആഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം വാദം


Related News

Comments

No comments yet. Be the first to comment!

Leave a Comment