കൊച്ചി: സ്ത്രീധന നിരോധന നിയമത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ രംഗത്തെത്തി. സ്ത്രീധനം നല്‍കുന്നത് കുറ്റകരമല്ലാതാക്കണമെന്നും എന്നാല്‍ വാങ്ങുന്നത് കര്‍ശനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിലനിര്‍ത്തണമെന്നുമാണ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ. സ്ത്രീധന പീഡന പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വധുവിനും കുടുംബത്തിനുമുള്ള ഭയവും വിമുഖതയും ഒഴിവാക്കുകയാണ് ഈ നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരുപോലെ ശിക്ഷാര്‍ഹമായ കുറ്റമാണ്. തങ്ങള്‍ കൂടി ശിക്ഷിക്കപ്പെടുമോ എന്ന ഭയം കാരണമാണ് പലപ്പോഴും വധുവിന്റെ വീട്ടുകാര്‍ പീഡനവിവരങ്ങള്‍ പുറത്തുപറയാന്‍ മടിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് നിയമ പരിഷ്‌കരണ കമ്മീഷന്‍ പുതിയ കരട് ബില്ല് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സ്ത്രീധനം നല്‍കുന്നത് ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ തന്നെ, അത് വാങ്ങുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കടുപ്പിക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. സ്ത്രീധനം വാങ്ങുന്നവര്‍ക്ക് തടവുശിക്ഷ അടക്കമുള്ള കര്‍ശന ശിക്ഷകള്‍ ഉറപ്പാക്കണമെന്ന് കരട് ബില്ലില്‍ പറയുന്നു. വരനോ വരന്റെ ബന്ധുക്കളോ വധുവില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ ആവശ്യപ്പെടുന്നതോ വാങ്ങുന്നതോ ആയ പണമോ സ്വത്തോ സുരക്ഷാ രേഖകളോ സ്ത്രീധനത്തിന്റെ പരിധിയില്‍ വരും. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ നടത്തുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൂടുതല്‍ വ്യക്തതയോടെ ഉള്‍പ്പെടുത്താനും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രത്തിന്റെ മറുപടി തേടിയത്. സ്ത്രീധനം നല്‍കുന്നവരെ കൂടി ശിക്ഷിക്കുന്നത് ഇരകള്‍ക്ക് തിരിച്ചടിയാകുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടല്‍. കേസ് ഫെബ്രുവരി 11-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഈ നിയമ പരിഷ്‌കരണത്തില്‍ നിര്‍ണ്ണായകമാകും.
Comments
No comments yet. Be the first to comment!
Leave a Comment