ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും പിരിച്ച തുക സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ നേരിട്ട് വീടുകള്‍ നിര്‍മിക്കുക എന്നതായിരുന്നു ആദ്യ ധാരണയെന്നും, അതില്‍ നിന്ന് മാറിയാണ് ഈ രണ്ട് കക്ഷികളും സ്വന്തം നിലയില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു തീരുമാനം മുന്‍കൂട്ടി ഉണ്ടായ ധാരണയുടെ ഭാഗമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2016-21 കാലയളവില്‍ 5715.92 കോടി രൂപയും 2021-26 കാലയളവില്‍ 2569.15 കോടി രൂപയും അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 2011-16 കാലയളവില്‍ ധനസഹായം അനുവദിക്കാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും 29,930 അപേക്ഷകളാണ് പരിഗണനയില്‍ ഉണ്ടായിരുന്നതെന്നും, ഇതില്‍ 36.40 കോടി രൂപ 2016ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ നിയമസഭയില്‍ പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ശബരിമല വിഷയത്തില്‍ സി.ആര്‍. മഹേഷും നജീബ് കാന്തപുരവും സത്യാഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷം അറിയിച്ചു. നിയമസഭാ കവാടത്തിലാണ് സത്യാഗ്രഹ സമരം നടക്കുക. സഭാ നടപടികളോട് സഹകരിച്ചുകൊണ്ടായിരിക്കും സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം എസ്ഐടിക്ക് ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment