ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ ധാരണ വലിയ അവസരങ്ങൾ തുറന്നുനൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് നിർണ്ണായക തീരുമാനം ഉണ്ടായത്.
2007-ൽ ആരംഭിച്ച ചർച്ചകൾ നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തുന്നത്. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറിന് അന്തിമ രൂപമായത്. നിർമ്മാണ മേഖലയ്ക്കും സേവന മേഖലയ്ക്കും കരാർ വലിയ ഉത്തേജനം നൽകുമെന്നും എണ്ണ പര്യവേക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ഗുണകരമാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
കരാര്‍ സംബന്ധിച്ച സാങ്കേതികവും നിയമപരവുമായ പരിശോധനകള്‍ വരും മാസങ്ങളില്‍ പൂര്‍ത്തിയാക്കും. ഈ വര്‍ഷം അവസാനത്തോടെ ഇരുപക്ഷവും ഔദ്യോഗികമായി കരാറില്‍ ഒപ്പിടും. തുടര്‍ന്ന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും ഇന്ത്യന്‍ കേന്ദ്രമന്ത്രിസഭയുടെയും അംഗീകാരം കൂടി ലഭിക്കുന്നതോടെ അടുത്ത വര്‍ഷം മുതല്‍ കരാര്‍ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരും.
Comments
No comments yet. Be the first to comment!
Leave a Comment