തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സ്വര്‍ണ്ണം ചെമ്പാക്കി മാറ്റാന്‍ മിനുട്സില്‍ തിരുത്തല്‍ വരുത്തിയതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നതില്‍ അന്വേഷണ സംഘം മെല്ലപ്പോക്ക് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിലാണ് ഈ താമസം നേരിടുന്നത്.
മിനുട്സില്‍ ചെമ്പ് എന്ന് എഴുതി ചേര്‍ത്തത് പത്മകുമാറാണെന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന്റെ കയ്യക്ഷര സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ പത്മകുമാര്‍ അറസ്റ്റിലായി രണ്ടു മാസം പിന്നിട്ടിട്ടും, കഴിഞ്ഞ മൂന്ന് ദിവസം മുന്‍പ് മാത്രമാണ് കയ്യക്ഷര സാമ്പിളുകള്‍ ശേഖരിച്ചത്. ഈ പരിശോധനാ ഫലം ലഭിക്കാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയില്ലെന്നത് കേസിനെ ദുര്‍ബലപ്പെടുത്തിയേക്കും.
മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യത്തിലിറങ്ങുന്നത് തടയാന്‍ പോലീസ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചു. ദ്വാരപാലക ശില്പക്കേസില്‍ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടോടെ കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായി 90 ദിവസം തികയുന്നതിനാല്‍, സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് തടയാനായി പോറ്റിക്കെതിരെ തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള റിയല്‍ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളില്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment