കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ താന്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം രംഗത്തെത്തി. ബാഫഖി തങ്ങള്‍ അടക്കമുള്ള പാണക്കാട് കുടുംബത്തെ താന്‍ അവഹേളിച്ചു എന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം എടവണ്ണപ്പാറയില്‍ താന്‍ നടത്തിയ പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കാന്‍ തയ്യാറാകണമെന്നും, പാരമ്പര്യത്തെക്കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ സമസ്ത നേതൃത്വം തന്നോട് വിശദീകരണം തേടിയിട്ടില്ലെന്നും ആരും തന്നെ ശാസിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മറുപടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാഫഖി തങ്ങള്‍ മുതല്‍ ഹൈദരലി തങ്ങള്‍ വരെയുള്ളവരുടെ പാരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും വഴിപിഴച്ചു പോയവരെ അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള ഉമര്‍ ഫൈസിയുടെ വിവാദ പ്രസംഗം.
അതേസമയം, ഉമര്‍ ഫൈസിയുടെ പ്രസ്താവനയെ തള്ളി സമസ്ത ഉന്നത നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര്‍, ട്രഷറര്‍ കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഉമര്‍ ഫൈസിയുടെ പദപ്രയോഗങ്ങളെ കര്‍ശനമായി താക്കീത് ചെയ്തു. ഇത്തരം പരാമര്‍ശങ്ങള്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ലെന്നും പാണക്കാട് തങ്ങള്‍മാര്‍ക്കുണ്ടായ പ്രയാസത്തില്‍ സംഘടന ദുഃഖം രേഖപ്പെടുത്തുന്നുവെന്നും നേതാക്കള്‍ അറിയിച്ചു. സംഘടനയുടെ മഹല്ല് തലങ്ങളിലും മതസാമുദായിക മേഖലകളിലും വിള്ളലുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും മേലില്‍ ഇത് ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സമസ്ത നേതൃത്വം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment