Thursday, July 23, 2026
India News

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ ബിഎസ്എഫ് വധിച്ചു, കശ്മീരിൽ ഏറ്റുമുട്ടൽ

അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ ബിഎസ്എഫ് വധിച്ചു, കശ്മീരിൽ ഏറ്റുമുട്ടൽ

ജമ്മു: ഇന്ത്യ -പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ അതിർത്തി രക്ഷാസേന (BSF) വെടിവെച്ചുകൊന്നു. സാംബ മേഖലയിലെ രാംഗഡ് സെക്ടറിലുള്ള മജ്രയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ബിഎസ്എഫിന്റെ കർശനമായ മുന്നറിയിപ്പുകൾ അവഗണിച്ച് അതിർത്തി മറികടക്കാൻ ശ്രമിച്ചപ്പോഴാണ് സേന വെടിയുതിർത്തത്. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യം അതീവ ജാഗ്രതയിലായിരിക്കെ നടന്ന ഈ സംഭവം സൈന്യം ഗൗരവത്തോടെയാണ് കാണുന്നത്. മേഖലയിൽ ബിഎസ്എഫ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ കിഷ്ത്വാറിലുള്ള സിംഗ്‌പോറ വനമേഖലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണ്. ജെയ്ഷെ മുഹമ്മദ് ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് കരസേനയും ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (SOG) സംയുക്തമായാണ് ഓപ്പറേഷൻ ട്രാഷി-1 ആരംഭിച്ചത്. ഞായറാഴ്ച ആരംഭിച്ച ഈ പോരാട്ടത്തിൽ ഒരു പാരാട്രൂപ്പർ വീരമൃത്യു വരിക്കുകയും ഏഴ് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരർ ഒളിച്ചിരിക്കുന്ന സിംഗ്‌പോറയിലെ ഇടതൂർന്ന വനമേഖലയിൽ ഡ്രോണുകളും സ്നിഫർ നായ്ക്കളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ചാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. മേഖലയിൽ ഭീകരർ നിർമ്മിച്ച അത്യാധുനിക ബങ്കറുകളും വൻതോതിലുള്ള ആയുധശേഖരവും സുരക്ഷാസേന കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കാനിരിക്കെ, കശ്മീർ താഴ്വരയിലും അതിർത്തി പ്രദേശങ്ങളിലും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.

Related News

Comments

No comments yet. Be the first to comment!

Leave a Comment